ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനികപോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കും സേനാ മെഡലുകള്‍ ലഭിച്ചു. പ്രളയത്തില്‍പ്പെട്ട കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോ പ്രശാന്ത് നായര്‍ക്ക് വായുസേനാ മെഡലും പ്രളയബാധിത മേഖലയില്‍നിന്ന് ഗര്‍ഭിണിയെ രക്ഷപ്പെടുത്തിയ ഹെലികോപ്ടര്‍ പറപ്പിച്ച കമാന്‍ഡര്‍ വിജയ് വര്‍മയ്ക്ക് ധീരതയ്ക്കുള്ള നവ്സേനാ മെഡലും ലഭിച്ചു.
പായ്വഞ്ചിയില് ഒറ്റയ്ക്ക് സമുദ്രം ചുറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട നാവികസേനയിലെ കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും നവ്സേനാ മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭീകരവാദം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേര്‍ന്ന് വീരമൃത്യു വരിച്ച ലാന്‍സ് നായിക്ക് അഹമ്മദ് വാണിക്ക് അശോകചക്ര പുരസ്കാരം പ്രഖ്യാപിച്ചു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പരംവിശിഷ്ട സേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് എട്ടു മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. ജനുവരി 2ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.