കേരള കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും: പ്രസിഡന്റ് മാധവൻ ബി നായർ

USA

നാടും വീടും വിട്ട് അമേരിക്കയുടെ തണലിലേക്ക് ചേക്കേറിയ ഒരായിരം മലയാളി സഹോദരങ്ങളെ ഒരു കുടക്കീഴിൽ ഒന്നിച്ചു ചേർക്കുന്ന സംഘടനയാണ് ഫൊക്കാന. അമേരിക്കൻ മലയാളികളുടെ ഐക്യത്തിന്റെയും സ്നേഹബന്ധത്തിന്റെയും മുഖമുദ്രയായ സംഘടന. അമേരിക്കയുടെ മണ്ണിൽ കാലുകുത്തിയ മലയാളികൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ഒത്തുകൂടി സംഘടനകൾ രൂപീകരിച്ചു തുടങ്ങിയപ്പോൾ ഈ വ്യത്യസ്തതയെ കോർത്തിണക്കാൻ 1983 ൽ ന്യൂയോർക്കിൽ സ്ഥാപിതമായ സംഘടനകളുടെ ഫെഡറേഷൻ ആണ് ഫൊക്കാന. ” വർണവൈവിധ്യമായ പലതരം മുത്തുകളെ ഒരു നൂലിൽ കോർത്തെടുത്തതാണ് ഐക്യഭാരതം ” എന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ വാചകങ്ങൾ ഇവിടെയും അർത്ഥവത്താവുകയാണ്. അമേരിക്കയിൽ പലസ്ഥലത്തായി രൂപംകൊണ്ട സാംസ്‌കാരിക സംഘടനകളെ ഒരു നൂലിഴയിൽ കോർത്ത് മനോഹരമായ മാല തീർക്കാൻ ഫൊക്കാന എന്ന സംഘടന സ്ഥാപിതമായി. അങ്ങനെ അമേരിക്കൻ മലയാളികളുടെ സംഘടകളുടെ സംഘടനയായ ഫൊക്കാന, ഏൽപ്പിക്കപ്പെട്ട കർമ്മങ്ങൾ നാളിതുവരെ ഭംഗിയായി നിർവ്വഹിച്ചു എന്ന് പറയുന്നതിൽ എനിക്ക് കൃതഞ്ജതയുണ്ട്.

നെഹ്‌റു പറഞ്ഞ ആ നാനാത്വത്തിൽ ഏകത്വം ഞങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്നു, ഫൊക്കാന എന്ന സംഘടനയിലൂടെ. ഓരോ മലയാളിയുടെയും കണ്ണീരൊപ്പാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് 35 വർഷം തികയുമ്പോൾ ഇടക്ക് വെച്ച് ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കർത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ ആ വൃക്ഷം കടപുഴകി വീഴാതെ, മണ്ണിൽ വേരുറപ്പിച്ച്, ഇലകൾ തളിർത്ത്, പൂക്കൾ വിരിയിച്ചുകൊണ്ടേയിരുന്നു. പേരിനും പ്രശസ്തിക്കും അപ്പുറം ഉത്തരവാദിത്തങ്ങൾക്ക് വിലകല്പിക്കുന്ന ഫൊക്കാന ഇന്നോളം നാടിന്റെ സേവകരായി പ്രവർത്തനമനുഷ്ഠിച്ചു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല കേരളത്തിന്റെ തീരാദുഃഖത്തിലും ഫൊക്കാനയുടെ സഹായഹസ്തങ്ങൾ അസ്ത്രവേഗത്തിൽ പാഞ്ഞെത്തിയിട്ടുണ്ട്.

കേരളത്തിന്റെ പുരോഗമനത്തിനും വികസനത്തിനും സർക്കാരുമായി കൂടിച്ചേർന്ന് നിരവധി പദ്ധതികൾ നടപ്പിലാക്കാൻ ഫൊക്കാനക്ക് കഴിഞ്ഞിട്ടുണ്ട്.2019 ജനുവരി 29, 30 നും കേരള കൺവെൻഷനിലും കേരളത്തിനായി മഹത്തായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് നടത്താൻ പോകുന്ന കേരള കൺവെൻഷൻ ഫൊക്കാനയുടെ എക്കാലത്തെയും സ്വപ്നപദ്ധതികൾക്ക് സാക്ഷ്യം വഹിക്കും. മഹാപ്രളയം മൂലം നെട്ടോട്ടമോടിയ കേരളീയരെ രക്ഷിക്കാനും അവർക്ക് കൈത്താങ്ങാവാനും ഫൊക്കാന രാപ്പകലില്ലാതെ പ്രയത്നിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരള കൺവെൻഷന്റെ വേദിയും പ്രളയം മൂലം കഷ്ടപ്പെടുന്നവർക്ക് സഹായം നൽകാനുള്ള അവസരമായി ഞങ്ങൾ എടുക്കുകയാണ്. കേരളത്തിലെ പത്തു ജില്ലകളിൽ ആയി നൂറ് (100 ) വീട്കൾ നിർമ്മിച്ചു നൽകുന്ന വലിയ പദ്ധതിക്ക് തുടക്കമിടാൻ കൺവെൻഷൻ അരങ്ങൊരുക്കും. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ കൺവെൻഷനിൽ വെച്ച് ആദരിക്കുകയും ചെയ്യുന്നുണ്ട്.

ആപത്തുകൾ അസുഖങ്ങളായി ജനങ്ങളെ വേട്ടയാടുമ്പോൾ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാതെ ജനങ്ങളെ ശുശ്രൂഷിക്കുന്ന ദൈവത്തിന്റെ മാലാഖമാരെന്ന് നമ്മൾ വിളിക്കുന്ന നഴ്‌സുമാർക്കും അവരുടെ മികച്ച പ്രവർത്തനങ്ങൾക്ക് ഫ്ലോറൻസ് നെറ്റിങ് ഗെയിൽ അവാർഡ് നൽകി ആദരിക്കുന്നുണ്ട്. ഐ ടി രംഗത്ത് തിളങ്ങി നിൽക്കുന്ന യുവാക്കൾക്ക് വേണ്ടി ടെക്‌നോപാർക്കുമായി ചേർന്ന് ആഞ്ചൽ കണക്ട് എന്ന പദ്ധതിയും ഫൊക്കാന ഒരുക്കുന്നു.സ്‌കിൽ എക്സ്ചേഞ്ച് പ്രോഗ്രാം , എയിഡ്സ്(HIV Positive) ബാധിരരായ കുട്ടികൾക്കുള്ള ചികിത്സ സഹായം,കേരള സമൂഹത്തിലും , അമേരിക്കൻ സമൂഹത്തിലും നല്ല പ്രവർത്തങ്ങൾ കാഴ്ച വെക്കുന്നവരെ അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്യും .അങ്ങനെ അപരിചിതരായ ഒട്ടനേകം മലയാളി സഹോദരങ്ങൾക്ക് ജീവനും ജീവിതവും നൽകി സംതൃപ്തരാക്കാൻ ഫൊക്കാന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളികളിൽ എത്തിക്കുന്ന ഫൊക്കാന ടുഡേ എന്ന പത്രം കൺവെൻഷനോടനുബന്ധിച്ച് ഒരു പതിപ്പും പുറത്തിറക്കുന്നുണ്ട്. കേരളത്തിനായി ഞങ്ങൾ സമർപ്പിക്കുന്ന ഈ കേരള കൺവെൻഷൻ എല്ലാവർക്കും ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നു. കേരള കൺവെൻഷന്റെ വേദിയിലേക്ക് എല്ലാ മലയാളി പ്രേക്ഷകരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഫൊക്കാനയുടെ 2018 -2020 ലെ പ്രസിഡന്റ് ആയി തെരഞ്ഞടുക്കുകയും , കേരളത്തിലെയും അമേരിക്കയിലെയും മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവസരം നൽകിയ ഏവരോടും എന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു . ഒരിക്കൽ കുടി എല്ലാവരെയും കേരള കൺവെൻഷനിലക്ക് സ്വാഗതം ചെയ്യുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

Share

Leave a Reply

Your email address will not be published. Required fields are marked *