അരിസോണ തിരുകുടുംബ ദേവാലയത്തില്‍ ഇടവക തിരുനാളിനു കൊടിയേറി

USA

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ്, അരിസോണ ഇടവകയുടെ മധ്യസ്ഥനായ തിരുകുടുംബത്തിന്റേയും, ധീര രക്തസാക്ഷിയായ വി, സെബസ്ത്യാനോസിന്റേയും തിരുനാള്‍വാരാഘോഷത്തിന് തുടക്കംകുറിച്ചു.

ജനുവരി ആറാംതീയതി ഞായറാഴ്ച രാവിലെ 9.30-നു ഇടവക വികാരി ഫാ. ജയിംസ് നിരപ്പേലിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ആഘോഷമായ ദിവ്യബലിയും തുടര്‍ന്നു കൊടിയേറ്റവും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം ദിവ്യബലിയും തിരുകുടുംബ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

ജനുവരി പതിനൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു സീറോ മലങ്കര ആരാധന പ്രകാരമുള്ള ദിവ്യബലിക്ക് റവ.ഫാ. ബിജു എടയിലക്കാട്ട് (വികാരി, സെന്റ് ജൂഡ് സീറോ മലങ്കര കാത്തലിക് ചര്‍ച്ച്, സാന്‍ജോസ്) മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 12-നു ശനിയാഴ്ച വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് മോസ്റ്റ് റവ. എഡ്വേര്‍ഡോ നെവാരസ് (ഓക്‌സിലറി ബിഷപ്പ് ഫീനിക്‌സ് ഡയോസിസ്) മുഖ്യ കാര്‍മികനായിരിക്കും. ലാറ്റിന്‍ ആരാധനാക്രമത്തിലുള്ള ആഘോഷമായ ദിവ്യബലിക്കുശേഷം ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 13-നു ഞായറാഴ്ചത്തെ പ്രധാന തിരുനാള്‍ കര്‍മ്മങ്ങള്‍ രാവിലെ 9.30-ന് ആരംഭിക്കും. റവ.ഫാ. മാത്യു മുഞ്ഞനാട്ട് (വികാരി സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന സാന്റാഅന്ന, സി.എ) മുഖ്യ കാര്‍മികത്വം വഹിക്കുന്ന സീറോ മലബാര്‍ റാസ കുര്‍ബാനയും, തുടര്‍ന്നു ലദീഞ്ഞും പ്രദക്ഷിണവും കഴുന്നു നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു. പ്രധാന തിരുനാളില്‍ വചനപ്രഘോഷണം നടത്തുന്നത് റവ.ഫാ. ജോയി പുതുശേരിയാണ് (സി.എം.ഐ ലാറ്റിന്‍ അമേരിക്കന്‍ കോര്‍ഡിനേറ്റര്‍). ഫാ. അലക്‌സ് ജോസഫ് സഹകാര്‍മികനായിരിക്കും.

ഭക്തിസാന്ദ്രമായ തിരുനാള്‍ സമാപനം ആഘോഷകരമാക്കുവാന്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും ഒരുക്കുന്ന ഔട്ട്‌ഡോര്‍ കലാപ്രകടനങ്ങളും, വൈവിധ്യമാര്‍ന്ന നാടന്‍ ഭക്ഷണശാലകളും തിരുനാളിനു മോടികൂട്ടും.

തിരുനാള്‍ പ്രസുദേന്തി ആന്റോ യോഹന്നാന്‍, റോസാ ആന്റോ കുടുംബാംഗങ്ങളാണ്. ഇടവക യൂത്ത് കോര്‍ഡിനേറ്ററായ ആന്റോ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മതാധ്യാപന രംഗത്തും, അള്‍ത്താര ശുശ്രൂഷയിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

നവോന്മേഷത്തോടെ 2019-ലേക്ക് ചുവടുവയ്ക്കുന്ന ഏവര്‍ക്കും ആത്മീയ ഉണര്‍വ്വും, കരുത്തും പകരാന്‍ ഈ തിരുനാള്‍ ആചരണത്തിനു കഴിയുമാറാകട്ടെ എന്നു ജയിംസച്ചന്‍ ആശംസിച്ചു.

കുടുംബ ബന്ധങ്ങളില്‍ പരസ്പര സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും വിശ്വസ്തതയുടേയും നാമ്പുകള്‍ തളിരണിയുവാനും തിരുകുടുംബത്തിന്റെ മാതൃകയില്‍ നമ്മുടെ ഓരോരുത്തരുടേയും കുടുംബങ്ങളെ കെട്ടിപ്പെടുക്കുവാനും ഏവര്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ഈ തിരുനാള്‍ ആചരണം അര്‍ത്ഥവത്താകുകയുള്ളുവെന്നും ജയിംസ് അച്ചന്റെ തന്റെ ആശംസാ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇടവകയുടെ കൂട്ടായ്മയില്‍ പങ്കുചേരുവാനും ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു. തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ട്രസ്റ്റിമാരായ ജെയിസന്‍ വര്‍ഗീസ്, ചിക്കു ബൈജു, അഭിലാഷ് സാം എന്നിവരാണ്.

സുഷാ സെബി

Share

Leave a Reply

Your email address will not be published. Required fields are marked *