Tuesday, December 11, 2018
Home > Sliders > ക്രിസ്മസ് ട്രീ തെളിയിച്ചു, ഉത്സവക്കാലത്തിന് തുടക്കമായി

ക്രിസ്മസ് ട്രീ തെളിയിച്ചു, ഉത്സവക്കാലത്തിന് തുടക്കമായി

താപനില 40 ഡിഗ്രി ഫാരന്‍ഹീറ്റിനു താഴേക്ക് പോയ തണുത്ത കാലാവസ്ഥയില്‍, വിശിഷ്ടാതിഥികളും പ്രശസ്തരായ കലാപ്രതിഭകളും അടങ്ങുന്ന പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ – ഡി – ബ്ലാസിയോ മന്‍ഹട്ടനിലെ റോക്ക്ഫെല്ലര്‍ പ്ലാസയില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീ പ്രകാശിപ്പിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ ക്രിസ്മസ് ഉത്സവകാലത്തിന് തുടക്കമായി. റോക്ക്ഫെല്ലര്‍ പ്ലാസയില്‍ ഇത് 86-ാം തവണയാണ് ക്രിസ്മസ് ട്രീ തെളിയിക്കുന്ന ചടങ്ങ് നടക്കുന്നത്. രാജ്യത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഈ ചടങ്ങ് 1931ലാണ് ആരംഭിക്കുന്നത്.‌

പ്രശസ്ത കലാപ്രതിഭകളുടെ കലാവിരുന്നോടെ വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച പരിപാടി മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു. ഗായകരായ ജോണ്‍ ലജണ്ട്, ഡയാന റോസ്, ജോണ്‍ ബനറ്റ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് രാത്രി 9.33നാണ് മേയര്‍ ക്രിസ്മസ് ട്രീ തെളിയിച്ചത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും 60 മൈല്‍ വടക്ക് വില്‍ക്കില്‍ നിന്നാണ് 75 വര്‍ഷം പ്രായം കണക്കാക്കപ്പെടുന്ന ഈ ക്രിസ്മസ് ട്രീ കൊണ്ടു വന്നത്.

ഷേര്‍ലി ഫിഗറോവ, ലിസ്റ്റ് ഗുട്ടിറസ് എന്നീ ദമ്പതികളാണ് ട്രീ സംഭാവന നല്‍കിയത്. ഏകദേശം 12 ടണ്‍ ഭാരവും 72 അടി ഉയരവുമുള്ള ക്രിസ്മസ് ട്രീയില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള 50000-ലധികം എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്. ഏറ്റവും മുകളില്‍ മൂന്ന് മില്യണ്‍ ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ച 9 അടി വീതിയിലുള്ള നക്ഷത്രം ഏറെ മാറ്റു കൂട്ടുന്നു. അമേരിക്കയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രിസ്മസ് ട്രീയാണിത്.

രാവിലെ 5.30 മുതല്‍ രാത്രി 11.30വരെ ഈ ഉത്സവകാലം മുഴുവന്‍ ക്രിസ്മസ് ട്രീയില്‍ ബള്‍ബുകള്‍ പ്രകാശിച്ചു കൊണ്ടിരിക്കും.

ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ് 2019 ജനുവരി 7ന് കത്തി നില്‍ക്കുന്ന ഈ ക്രിസ്മസ് ട്രീ പ്രതിദിനം 750000ഓളം പേര്‍ ട്രീ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്‍ഹട്ടനില്‍ 49, 50 എന്നീ സ്ട്രീറ്റുകള്‍ക്കും അഞ്ച്, ആറ് എന്നീ അവന്യുകള്‍ക്കും മദ്ധ്യേയാണ് റോക്ക്ഫെല്ലര്‍ പ്ലാസാ സ്ഥിതി ചെയ്യുന്നത്.

1999ല്‍ ഉയര്‍ത്തിയ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീയായിരുന്നു റോക്ക്ഫെല്ലര്‍ പ്ലാസായിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ. കണക്ടിക്കട്ടിലെ കില്ലിംഗ് വര്‍ത്തില്‍ നിന്നാണ് അത് കൊണ്ടു വന്നത്.

അതിശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് 1000ലധികം ഓഫീസര്‍മാരെയാണ് മിഡ്ടൗണ്‍ പ്ലാസായിലും പരിസരത്തും വിന്യസിച്ചിരുന്നത്.

ഗീവറുഗീസ് ചാക്കോ

Share

Leave a Reply

Your email address will not be published. Required fields are marked *