Tuesday, December 11, 2018
Home > Sliders > ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം

ന്യൂയോര്‍ക്ക്: ഡിസംബര്‍ 1ാം തിയ്യതി ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് ഇന്ത്യാ കിച്ചണില്‍ വച്ച് ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ ജോലി ചെയ്യുന്നവരുടെയും അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്തവരുമായ മലയാളി ഉദ്യോഗസ്ഥരുടെയും കുടുംബസംഗമം നടക്കുകയുണ്ടായി. വളരെയധികം കുടുംബങ്ങള്‍ പങ്കെടുത്ത പ്രസ്തുത യോഗം സി. ഉമ്മന്‍ എബ്രഹാം നയിച്ച പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. തുടര്‍ന്ന് മത്തായി മാത്യു കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും അനുസ്മരിച്ചുകൊണ്ട് അനുശോചന പ്രസംഗം ചെയ്യുകയും, അവരുടെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു. തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ഇഹലോകവാസം വെടിഞ്ഞ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്‍റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു മിനിട്ട് മൗനം ആചരിച്ചു.

ഈ വര്‍ഷത്തെ പ്രസിഡന്റ് വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെച്ചതുകൊണ്ട് മുന്‍ പ്രസിഡന്റ് വി.കെ. രാജന്‍ സ്വാഗതം ആശംസിക്കുകയും പുതിയ ആളുകള്‍ സംഘടനയുടെ നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ജയപ്രകാശ് നായര്‍ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികളോടും നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വയം പരിചയപ്പെടുത്തുക എന്ന പരിപാടിയിലൂടെ കുടുംബാംഗങ്ങള്‍ തമ്മില്‍ സംവദിക്കുകയും പരിചയം പുതുക്കുകയും ചെയ്തു.

ഷാനാ ചെറിയാനും ഷോണ്‍ ചെറിയാനും ചേര്‍ന്ന് മനോഹരമായി നൃത്തം ചെയ്തു. ട്രഷറര്‍ കൂടിയായ ജെയിംസ് മാത്യു കേരളത്തിലുണ്ടായ പ്രളയത്തെ വിഷയമാക്കി സ്വയം രചിച്ച കവിത സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചു. ജോണ്‍ വര്‍ക്കി പഴയ ഗാനങ്ങളിലൂടെ ശ്രോതാക്കളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. പുതിയ അംഗമായ ടോം അജിത് ആന്റണി ശ്രുതിമധുരമായി ഏതാനും ഗാനങ്ങള്‍ ആലപിക്കുകയും ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സ്റ്റാന്‍ലി പാപ്പച്ചന്‍ നല്ല ഒരു കവിത ആലപിച്ചു.

ട്രഷറര്‍ ജെയിംസ് മാത്യു കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:

പ്രസിഡന്റ് വി.കെ.രാജന്‍, ജനറല്‍ കണ്‍വീനര്‍ ജേക്കബ് ചാക്കോ, ട്രഷറര്‍ ജെയിംസ് എബ്രഹാം, പബ്ലിക് റിലേഷന്‍സ് ജയപ്രകാശ് നായര്‍ എന്നിവരെയും കമ്മിറ്റിയിലേക്ക് നോര്‍ത്തില്‍ നിന്ന് അനില്‍ ചെറിയാന്‍, സുഭാഷ് ജോര്‍ജ്ജ്, ഷാജു തയ്യില്‍. സൗത്തില്‍ നിന്ന് സ്റ്റാന്‍ലി പാപ്പച്ചന്‍, മാത്യു പാപ്പന്‍, ടോം അജിത് ആന്റണി. റിട്ടയറീസില്‍ നിന്ന് സൈമണ്‍ ഫിലിപ്പ്, ജോണ്‍ വര്‍ക്കി, തോമസ് പാലത്തിങ്കല്‍, ചാക്കോ തട്ടാരുപറമ്പില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മാത്യു പാപ്പന്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അനില്‍ ചെറിയാന്‍ നന്ദി പ്രകാശനത്തോടൊപ്പം പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. അടുത്ത വര്‍ഷത്തെ സംഗമം ഒക്ടോബറില്‍ സൗത്തില്‍ വെച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജയപ്രകാശ് നായര്‍

Share

Leave a Reply

Your email address will not be published. Required fields are marked *