തണുത്തുറഞ്ഞ കാലാവസ്ഥക്കും വീശിയടിച്ച കാറ്റിനുമൊന്നും മേയ്സിസിന്റെ താങ്ക്സ് ഗിവിംഗ് പരേഡിന്റെ ആവേശം കെടുത്താനായില്ല. തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും, തൊപ്പികളും, കമ്പിളിപ്പുതപ്പുകളും അണിഞ്ഞ് പതിനായിരങ്ങളാണ് ഇത്തവണയും പരേഡ് വീക്ഷിക്കാനെത്തിയത്. പലരും പരേഡ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ റോഡിന്റെ വശങ്ങളില് സ്ഥാനം പിടിച്ചിരുന്നു. എല്ലാ വര്‍ഷവും താങ്ക്സ് ഗിവിംഗ് ദിനത്തില്‍ നടക്കുന്ന ഈ പരേഡാണ് ഹോളിഡേ ഡീസണ്‍ തുടക്കം കുറിക്കുന്നത്. മേയ്സിസിന്റെ 92-മത് താങ്ക്സ് ഗിവിംഗ് പരേഡായിരുന്നു ഇത്തവണത്തേത്. 1924ലാണ് ഇതിന് തുടക്കം കുറിച്ചത്.
കാറ്റ് വീശിയടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പരേഡിന്റെ പ്രധാന ആകര്‍ഷങ്ങളായ ഭീമാകാരമായ പല ബലൂണുകളും പതിവിലും താഴ്ന്നാണ് ഇത്തവണ പറന്നത്.
പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും തണുപ്പേറിയ താങ്ക്സ് ഗിവിംഗ് ദിനത്തില്‍, സെന്‍ട്രല്‍ പാര്‍ക്കില്‍ 19 ഡിഗ്രി ഫാരന്‍ഫീറ്റ് മാത്രമായിരുന്നു താപനില. ഇത് 1901ല്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും തണുപ്പുള്ള താങ്ക്സ് ഗിവിംഗ് ദിനത്തിന് ഒപ്പമെത്തി.
1871 നവംബര്‍ 30ലെ 15 ഡിഗ്രി എന്നതാണ് ഏറ്റവും തണുപ്പുള്ള താങ്ക്സ് ഗിവിംഗ് ദിനമെന്ന നിലവിലുള്ള റിക്കാര്‍ഡ്. തണുപ്പിനേക്കാള്‍ പരേഡിനെ ഏറെ അലട്ടിയത് കാറ്റായിരുന്നു. മണിക്കൂറില്‍ 15 മൈല്‍ മുതല്‍ 20 മൈല്‍ വരെയാണ് പരേഡിന്റെ സമയത്ത് കാറ്റടിച്ചത്.
സെന്‍ട്രല്‍ പാര്‍ക്കിന്റെ പടിഞ്ഞാറ് നിന്നും ആരംഭിച്ച പരേഡ് 46 ബ്ലോക്കുകള്‍ പിന്നിട്ട് മെയ്സിസിന്റെ പ്രധാന സ്റ്റോര്‍ സ്ഥിതി ചെയ്യുന്ന 34-ാം സ്ട്രീറ്റിലെ ഹെരോള്‍ഡ് സ്വകയറിലാണ് സമാപിച്ചത്.
ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മാര്‍ച്ചിംഗ് ബാന്‍ഡിന്റെ പ്രകടനത്തോടെയാണ് പരേഡ് ആരംഭിച്ചത്.
8000ത്തോളം പേര് അണിനിരന്ന പരേഡില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യൂണിവേഴ്സിറ്റി – ഹൈസ്ക്കൂള് ബാന്‍ഡുകളും രണ്ട് ഡസനോളം ഫ്ളോട്ടുകളും ഉണ്ടായിരുന്നു. ആനിമേഷന്‍ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ഹീലിയം നിറച്ച 16 ബലൂണുകള്‍ പരേഡിന്റെ റൂട്ടിലുടനീളം പറന്നു നീങ്ങികൊണ്ടിരുന്നത് ഏറെ ആകര്‍ഷകമായിരുന്നു.
ഗായിക റീത്ത ഓറ, ഡയാന റോസ്, ജോണ്‍ ലജണ്ട് തുടങ്ങിയ പ്രശസ്തരുടെ പ്രകടനങ്ങള്‍ തണുത്ത കാലാവസ്ഥയിലും കാണികള്‍ക്ക് ആനന്ദം പകര്‍ന്നിരുന്നു. ഏകദേശം 12 മില്യനോളം ഡാളര്‍ പരേഡിനു ചെലവായി എന്നു കണക്കാക്കപ്പെടുന്നു.
പരേഡ് കടന്നു പോകുന്ന വഴികളില്‍ ആവശ്യമായ ബാരിക്കേഡുകള്‍ തീര്‍ത്ത് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
ഗീവറുഗീസ് ചാക്കോ