Monday, January 21, 2019
Home > Sliders > കേരള ലിറ്റററി സൊസൈറ്റി ഡാലസില്‍ കേരളപ്പിറവി ആഘോഷിച്ചു

കേരള ലിറ്റററി സൊസൈറ്റി ഡാലസില്‍ കേരളപ്പിറവി ആഘോഷിച്ചു

ഡാലസ്: ഭാഷാസ്‌നേഹികളുടെ സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റിയുടെ (കെ.എല്‍.എസ്) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷവും സംഘടനയുടെ ഇരുപത്താറാമത് വാര്‍ഷിക യോഗവും നവംബര്‍ നാലാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുകയുണ്ടായി.

കെ.എല്‍.എസ് പ്രസിഡന്റ് ജോസ് ഓച്ചാലില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ഉമ ഹരിദാസും ഹര്‍ഷ ഹരിദാസും ചേര്‍ന്ന് ആലപിച്ചു. കെ.എല്‍.എസ് സെക്രട്ടറി സിജു വി. ജോര്‍ജ് ഏവേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഡോ. എം.വി. പിള്ള, ഫിലിപ്പ് ചാമത്തില്‍, ഏബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, ജോസന്‍ ജോര്‍ജ് എന്നിവര്‍ ഭദ്രദീപം കൊളുത്തി. ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മലയാള ഭാഷാ, സാഹിത്യ പരിപോഷണത്തിന് കേരള ലിറ്റററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡാലസില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രശസ്ത വാഗ്മിയും ഭാഷാ പണ്ഡിതനും അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനുമായ ഡോ. എം.വി. പിള്ള യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. മലയാള ഭാഷയുടെ പ്രധാന്യത്തേയും, ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുണ്ടായ സാഹചര്യങ്ങളും അദ്ദേഹം വിവരിച്ച് സംസാരിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മലയാളികള്‍ മലയാളികള്‍ പരസ്പര സ്‌നേഹത്തോടും സഹകരണത്തോടും കൂടി ജീവിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി.

കേരളാ ഗവണ്‍മെന്റിന്റെ കീഴിലുള്ള മലയാളം മിഷന്‍ തയാറാക്കിയ ‘മലയാള ഭാഷാപ്രതിജ്ഞ’ വിവിധ സംഘടനകളുടെ സഹതരണത്തിലും വിവിധ സാംസ്കാരിക സാമൂഹിക സംഘടനാ നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ ഡോ. എം.വി. പിള്ള പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്, അമേരിക്കയിലെ മൂന്നു തലമുറകളില്‍പ്പെട്ട കുട്ടുകളും, യുവാക്കളും മുതിര്‍ന്നവരും ഏറ്റുചൊല്ലി.

ജീവിതം ആവേശമുള്ളതാക്കാനും, ആക്രോശമില്ലാതാക്കാനും നല്ല പുസ്തകങ്ങളുടെ വായനയിലൂടെ സാധിക്കുമെന്ന് കെ.എല്‍.എസ് പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനുമായ ജോസ് ഓച്ചാലില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രസ്താവിച്ചു. പതിനായിരത്തില്‍പ്പരം മലയാള പുസ്തക ശേഖരമുള്ള ഡാലസിലെ കേരള അസോസിയേഷന്‍ ലൈബ്രറിയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

കെ.എല്‍.എസ് മുന്‍ പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ ഏബ്രഹാം തെക്കേമുറി, ലാനാ സെക്രട്ടറിയും സാഹിത്യകാരനുമായ ജോസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

കേരളാ അസോസിയേഷന്‍ പ്രസിഡന്റ് റോയി കൊടുവത്ത്, ഐ.സി.ഇ.സി പ്രതിനിധി ഷിജു ഏബ്രഹാം, ഇന്ത്യാ പ്രസ്ക്ലബ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് ടി.സി ചാക്കോ, ഡാലസ് സാഹിത്യവേദി പ്രസിഡന്റ് അജയകുമാര്‍, നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

2018-ലെ മലയാളി മങ്കയായി റൂബി തങ്കം തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ചെണ്ടമേളം, സമൂഹഗാനങ്ങള്‍, മാര്‍ഗ്ഗംകളി, കവിതാ പാരായണം, തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഐറിന്‍ കല്ലൂരും, അനുപ സാമും യോഗത്തില്‍ എം.സിമാരായിരുന്നു. കെ.എല്‍.എസ് ജോയിന്റ് സെക്രട്ടറി സി.വി. ജോര്‍ജ് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ യോഗം പര്യവസാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *