ട്രമ്പും ഒബാമയും ഫ്‌ളോറിഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്

Sliders USA

ഫ്‌ളോറിഡ: നവംബര്‍ ആറിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതിനു ഒബാമയും ട്രമ്പും പ്രചാരണത്തിനെത്തുന്നു. ഗവര്‍ണ്ണര്‍, യു.എസ് സെനറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പുകള്‍ ഇരു പാര്‍ട്ടികള്‍ക്കും ജീവന്മരണ പോരാട്ടമാണ്. നവംബര്‍ ആദ്യവാരമാണ് ഇരുവരുടേയും സന്ദര്‍ശനം.

20 വര്‍ഷം മുമ്പ് ഡമോക്രാറ്റുകളില്‍ നിന്നും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജെബ് ബുഷ് പിടിച്ചെടുത്ത ഗവര്‍ണ്ണര്‍ സ്ഥാനം തിരിച്ചുപിടിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി കച്ചമുറുക്കുമ്പോള്‍, ഗവര്‍ണ്ണര്‍ സ്ഥാനം നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

റിപ്പബ്ലിക്കന്‍ ഗവര്‍ണറായ റിക്ക് സ്‌കോട്ട് യു.എസ് സെനറ്റിലേക്ക് മത്സരിക്കുമ്പോള്‍, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലുള്ള സെനറ്റര്‍ ബില്‍ നെല്‍സണ്‍ സീറ്റ് നിലനിര്‍ത്തുന്നതിനു ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും. യു.എസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിര്‍ണ്ണായ ഭൂരിപക്ഷം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളോറിഡയിലെ ജനസമ്മതനായ ഗവര്‍ണ്ണര്‍ റിക്ക് സ്‌കോട്ടിനെ രംഗത്തിറക്കിയിരിക്കുന്നത്. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡ പ്രസിഡന്റ് ട്രമ്പിനെയാണ് പിന്തുണച്ചത്.

ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസിന് (റിപ്പബ്ലിക്കന്‍) ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നത് തലഹാസി മേയര്‍ ആന്‍ഡ്രൂ ജില്ലനാണ് (ഡമോക്രാറ്റിക്). റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന റിക്ക് സ്‌കോട്ടിനെ യു.എസ് സെനറ്റിലേക്കും, റോണിനെ ഗവര്‍ണര്‍ സ്ഥാനത്തേക്കും വിജയിപ്പിക്കുന്നതിന് ട്രമ്പിനാകുമോ എന്നു കാത്തിരുന്ന് കാണേണ്ടിവരും. ഫ്‌ളോറിഡയില്‍ ഒബാമയ്ക്കുള്ള ജനസമ്മതി വോട്ടാക്കി ഗവര്‍ണ്ണര്‍ സ്ഥാനം ആന്‍ഡ്രൂവിനും, സെനറ്റ് സീറ്റ് ബില്‍ നെല്‍സണും നേടിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡമോക്രാറ്റിക് പാര്‍ട്ടി കരുക്കള്‍ നീക്കുന്നത്.

പി.പി. ചെറിയാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *