Monday, January 21, 2019
Home > Sliders > ഓള്‍ഡ് ഈസ് ഗോള്‍ഡ് എക്‌സ്‌പോ സീനിയേഴ്‌സ് 2018

ഓള്‍ഡ് ഈസ് ഗോള്‍ഡ് എക്‌സ്‌പോ സീനിയേഴ്‌സ് 2018

മയാമി: പഴയതൊന്നും നഷ്ടപ്പെടുത്തുവാനുള്ളതല്ല എന്നെങ്കിലും അവ ഊതികാച്ചിയ പൊന്നുപോലെ തിളക്കമാര്‍ന്ന തിരുശേഷിപ്പുകളായി തീരുക തന്നെ ചെയ്യും. ഫ്‌ളോറിഡായിലെ ഡേവി നഗരത്തില്‍ കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി ആത്മീയ ഗോപുരമായി ഉയര്‍ന്നുനില്‍ക്കുന്ന സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമ്മ ചര്‍ച്ച് അങ്കണത്തിലും, അകതളങ്ങളിലുമായി നടത്തിയ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്എക്‌സ്‌പോ സീനിയേഴ്‌സ് 2018’ എക്‌സിബിഷന്‍ കണ്ടിറങ്ങിയ കാണികളില്‍ നിറഞ്ഞ പ്രതികരണം ഇപ്രകാരമായിരുന്നു.

ഒക്ടോബര്‍ 7ാം തീയതി ഞായറാഴ്ച രാവിലെ 12 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളില്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ.വര്‍ഗ്ഗീസ് കെ.മാത്യു ചര്‍ച്ചില്‍ പുതിയതായി ആരംഭിച്ച അറുപത് വയസ്സിനുമുകളിലുള്ള സീനിയര്‍ ഫെല്ലോഷിപ്പിന്റെ ഈ ശ്ലാഹനീയമായ മാതൃകയെയും അവരുടെ പ്രയത്‌നത്തെയും പ്രശംസിച്ചുകൊണ്ട് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ് എക്‌സ്‌പോ സീനിയേഴ്‌സ് 2018’ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പ്രദര്‍ശനവസ്തുക്കള്‍ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കിയത്. മുപ്പത്താറു രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള പ്രധാന ദിനപത്രങ്ങള്‍, ഉപഭോഗ വസ്തുക്കളായ ആഹാരം, മരുന്ന്, ലേഖന സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, എന്നിവയുടെ വര്‍ണ്ണപകിട്ടും വശ്യവുമായ റാപ്പുകള്‍, മഹാപ്രളയത്തെ അതിജീവിച്ച കേരളജനതയുടെ ധീരതയും, ഇച്ഛാശക്തിയും, ദൃഢനിശ്ചയവും വിളിച്ചോതുന്ന ചിത്രങ്ങള്‍.

മാര്‍ത്തോമ്മ സഭയുടെ ആത്മീയ നേതൃനിരയുടെ ഛായാചിത്രങ്ങള്‍, 2018 ലെ ഫെല്ലോഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ചിത്രശേഖരം, ഒരു നൂറ്റാണ്ടിനുമുമ്പുള്ള നാണയങ്ങള്‍ മുതല്‍ വിവിധ രാജ്യങ്ങളിലെ കറന്‍സി നോട്ടുകള്‍, പ്രൗഢിയെ വിളിച്ചറിയിക്കുന്ന ഒരു നൂറ്റാണ്ടിനുമുമ്പുള്ള വിളക്കുകള്‍, ഉരുളി, മുതലായ പാത്രങ്ങള്‍, കാലപഴക്കം കൊണ്ട് ഇന്നും തനിമ നഷ്ടപ്പെടാത്ത നൂറു വര്‍ഷം പഴക്കമുള്ള വിശുദ്ധ ഗ്രന്ഥം, ആധുനിക കമ്പ്യൂട്ടര്‍ മുന്നേറ്റത്തിന് വഴിമാറി കൊടുത്ത പഴയകാല ടൈപ്പ്‌റൈറ്റിംഗ് മിഷ്യനുകള്‍ വരെ നിരയിലുണ്ടായിരുന്നു.

ഭാഗ്യശാലികളെ നിശ്ചയിക്കുന്ന നറുക്കെടുപ്പും, എരുവും പുളിയും ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കായി വീടുകളില്‍ തയ്യാറാക്കിയ അച്ചാര്‍ വില്പന സെന്ററുകളും, ജനം ഏറ്റെടുത്തു നടത്തിയ ഈ മേളയെ ഏറ്റം മധുരകരമായി തീര്‍ക്കുന്നതിനായി ഹോം മെയ്ഡ് വിവിധയിനം കേക്കുകളുടെ വില്പനയും ‘എക്‌സ്‌പോ സീനിയേഴ്‌സ് 2018’ നെ ഏറെ മധുരമുള്ളതാക്കി തീര്‍ത്തു.

അമേരിക്കന്‍ മലായളി സമൂഹത്തിന് അതിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ഓര്‍ത്തെടുക്കുവാനും തിരിച്ചറിയുവാനും ഒരു അവസരം ഒരുക്കുക; അമേരിക്കയില്‍ ജനിച്ച ഈ തലമുറയിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രദര്‍ശന വസ്തുക്കള്‍ പരിചയപ്പെടുത്തുക. അതിലുപരി നാം ജീവിക്കുന്ന സമൂഹത്തില്‍, ചിന്തയുടെയും, വാക്കിന്റെയും, പ്രവര്‍ത്തിയുടെയും ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും, ദൈവസ്‌നേഹം സഭയില്‍ പടുത്തുയര്‍ത്തുവാനുമുള്ള സാഹചര്യം സൃഷ്ടിക്കുവാനും സീനിയര്‍ ഫെല്ലോഷിപ്പ് പ്രതിജ്ഞാബദ്ധമാണെന്നുള്ള തിരിച്ചറിവ് കൊണ്ടാണ് മാര്‍ത്തോമ്മ സഭയുടെ ഉത്തര അമേരിക്ക യൂറോപ്പ് മഹായിടവകയിലെ മുതിര്‍ന്ന പൗരന്മാര്‍ ചേര്‍ന്ന് ഇദംപ്രഥമായാണ് ഇത്തരം പ്രദര്‍ശനമൊരുക്കുന്നതെന്ന് ഇതിന്റെ സംഘടാകര്‍ അറിയിച്ചു.
സീനിയര്‍ ഫെല്ലോഷിപ്പിന്റെ സെക്രട്ടറി പ്രൊഫ.ഫിലിപ്പ് കോശി നേതൃത്വം കൊടുത്ത ‘എക്‌സ്‌പോ സീനിയേഴ്‌സ് 2018’ വിജയകരമാക്കുവാന്‍ പ്രയത്‌നിച്ച സീനിയര്‍ ഫെല്ലോഷിപ്പ് അംഗങ്ങള്‍ക്കും മാര്‍ത്തോമ്മ ചര്‍ച്ച് ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു. ജോയി കുറ്റിയാനി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share

Leave a Reply

Your email address will not be published. Required fields are marked *