Monday, January 21, 2019
Home > USA > ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക് : കഴിഞ്ഞ 37 വര്‍ഷങ്ങളായി റോക്ക്‌ലാന്റ് മലയാളികളുടെ കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്ന ഹഡ്സൺ വാലി മലയാളി അസ്സോസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി. ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസ് റസ്റ്റോറന്റിലായിരുന്നു ആഘോഷച്ചടങ്ങുകള്‍. പ്രതികൂല കാലാവസ്ഥയിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി കുടുംബങ്ങള്‍ എത്തിയെന്നതു തന്നെ പ്രസിഡന്റ് ലൈസി അലക്സിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ ആഘോഷങ്ങള്‍ ആരംഭിക്കുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സെക്രട്ടറി സജി പോത്തന്‍ ആമുഖ പ്രസംഗം നടത്തി. നേഹ ജ്യോ അമേരിക്കന്‍-ഇന്ത്യന്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് ലൈസി അലക്സ് സ്വാഗതം ആശംസിക്കുകയും അസോസിയേഷന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

മുഖ്യാതിഥി ഓറഞ്ച്ബര്‍ഗിലെ ബെഥനി മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഫാ. സജു ബി ജോണ്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. യേശുവിന്‍റെ ത്യാഗപൂര്‍ണമായ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്കു വേണ്ടി സഹായങ്ങള്‍ ചെയ്യും എന്നതായിരിക്കട്ടെ നമ്മുടെ പുതുവര്‍ഷ പ്രതിജ്ഞ എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററും അസ്സോസിയേഷന്‍റെ മുന്‍ പ്രസിഡന്റുമായ ഡോ. ആനി പോള്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്ജ് താമരവേലില്‍, നിയുക്ത പ്രസിഡന്റ് അലക്സ് എബ്രഹാം, കെ.എച്ച്.എന്‍.എ. സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, മറ്റു ഫൊക്കാന നേതാക്കളായ വര്‍ഗീസ്‌ ഒലഹന്നാന്‍, ടി.എസ്. ചാക്കോ, ലീലാ മാരേട്ട്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വെസ്റ്റ്‌‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്‌, ആന്റോ കണ്ണാടന്‍, യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ലയണ്‍സ് ക്ലബ് (ന്യൂയോര്‍ക്ക്) ഗവര്‍ണ്ണർ മത്തായി ചാക്കോ, ഫ്ലവേഴ്സ് ടിവി ചാനല്‍ ട്രൈസ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ രാജന്‍ ചീരന്‍, മിത്രാസ് ഫെസ്റ്റിവല്‍ പ്രസിഡന്റ് ഷിറാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബെഥനി മാര്‍ത്തോമ്മാ ചര്‍ച്ചിലെയും സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെയും ഗായക സംഘങ്ങളും അസ്സോസിയേഷന്‍ ഭാരവാഹികളും വിവിധ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.

മുന്‍ മിസ് ഫൊക്കാന റണ്ണര്‍ അപ്പ് അഞ്ജലി വെട്ടം ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി കാഴ്ച്ചവെച്ച നൃത്തം നയനമനോഹരമായിരുന്നു. നേഹ ആന്റണിയും അബിഗേല്‍ രജിയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും കാണികള്‍ക്ക് വളരെ ഹൃദ്യമായി.

റോക്ക്‌ലാന്റിലെ അറിയപ്പെടുന്ന ഗായകരായ ജ്യോ മോന്‍ മാത്യുവും ടിന്‍റു ഫ്രാന്‍സിസും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ശ്രോതാക്കളെ വിസ്മയഭരിതരാക്കി. സോനു ജയപ്രകാശിന്റെ കവിതാലാപനം വേറിട്ടൊരു അനുഭവമായി. കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ വളരെ ഭക്തിസാന്ദ്രവും ഹൃദ്യവുമായി.

ജെസ്സി റോയ് സെബാസ്റ്റ്യന്‍ ആയിരുന്നു എം.സി.

വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറിനു ശേഷം കേരള ജ്യോതി ചീഫ് എഡിറ്റര്‍ ജയപ്രകാശ് നായരുടെ കൃതജ്ഞതാ പ്രസംഗത്തോടെ ചടങ്ങുകള്‍ പര്യവസാസിച്ചു.

ജയപ്രകാശ് നായര്‍

Share

Leave a Reply

Your email address will not be published. Required fields are marked *