Tuesday, January 22, 2019
Home > USA > കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ പതിമൂന്നാമത് കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ പതിമൂന്നാമത് കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

അറ്റ്‌ലാന്റ: കെ.സി.സി.എന്‍.എയുടെ 2017- 19 എക്‌സിക്യൂട്ടീവിന്റെ രണ്ടാമത് നാഷണല്‍ കൗണ്‍സില്‍ യോഗം അറ്റ്‌ലാന്റയില്‍ ഡിസംബര്‍ രണ്ടിനു ഹോളിഫാമിലി ക്‌നാനായ പള്ളി കമ്യൂണിറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടി കെ.സി.എ.ജിയുടെ ആത്മീയ ഗുരുവായ ഫാ. ജെമി പുതുശേരിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രാവിലെ 9 മണിക്ക് നാഷണല്‍ കൗണ്‍സില്‍ കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരും ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് & ഒമ്‌നി ഹോട്ടലില്‍ ചേരുകയും, പതിമൂന്നാമതു കണ്‍വന്‍ഷനുവേണ്ടി തെരഞ്ഞെടുത്ത ഈ ഹോട്ടലും കണ്‍വന്‍ഷന്‍ സ്ഥലവും സന്ദര്‍ശിക്കുകയും അതിനുശേഷം നാഷണല്‍ കൗണ്‍സിലിന്റെ യോഗം ഉച്ചകഴിഞ്ഞ് ആരംഭിക്കുകയും ചെയ്തു. ഒമ്‌നി ഹോട്ടലും കണ്‍വന്‍ഷന്‍ സ്ഥലവും സന്ദര്‍ശിച്ച അംഗങ്ങള്‍ എല്ലാവരും ഹോട്ടലിലേയും കണ്‍വന്‍ഷന്‍ സ്ഥലത്തേയും സൗകര്യങ്ങള്‍ വിലയിരുത്തുകയും അതില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇരപത്തഞ്ച് ഫുഡ് കോര്‍ട്ട്, വിവിധയിനം ഭക്ഷണങ്ങളോടുകൂടി രാവിലെ ആറു മണി തൊട്ട് വൈകുന്നേരം 11 മണി വരെ ലഭ്യമാണ് എന്നുള്ളത് ഈ കണ്‍വന്‍ഷന്റെ ഒരു പ്രത്യേകതയാണ്. മാത്രമല്ല ജോര്‍ജിയ വേള്‍ഡ് സെന്ററിന്റെ അനുമതിയുള്ള ഏഴ് ഭക്ഷണ കൗണ്ടറുകള്‍ കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തും ഡിസ്കൗണ്ടോടുകൂടി ലഭ്യമാകുമെന്നു കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പ്രസ്താവിച്ചു. 3600 പേര്‍ക്ക് ഇരിക്കാവുന്ന ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററിലെ അലങ്കരിച്ച ബാങ്ക്വറ്റ് ഹാള്‍, 60 അടി നീളമുള്ള സ്റ്റേജ്, 2200 പേര്‍ക്ക് ഇരിക്കാവുന്ന ഒമ്‌നി ഹോട്ടലിലെ ഗ്രാന്‍ഡ് ബാള്‍റൂം, 2600 പേര്‍ക്ക് ഇരിക്കാവുന്ന ഒമ്‌നിയിലെ ഇന്റര്‍നാഷണല്‍ ബാള്‍റൂം ഇവയെല്ലാം ഒരു മേല്‍ക്കൂരയുടെ കീഴില്‍ ആണെന്നുള്ളതുതന്നെ 13-മത് കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.

കെ.സി.സി.എന്‍.എയുടെ ഭൂരിപക്ഷം അംഗസംഘടനകള്‍ക്കും അനായാസം ഡ്രൈവ് ചെയ്ത് എത്തിച്ചേരാന്‍ പറ്റുമെന്നുള്ളതിനാല്‍ അറ്റ്‌ലാന്റയിലെ കണ്‍വന്‍ഷന് 1000 കൂടുതല്‍ റുമുകള്‍ ബുക്ക് ചെയ്യപ്പെടും എന്നാണ് കെ.സി.സി.എന്‍.എ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

കെ.സി.സി.എന്‍.എയുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ പതിനൊന്നോടുകൂടി 100 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഒമ്‌നി ഹോട്ടലില്‍ ഡബിള്‍ ബെഡ്ഡുള്ള 400 റൂമുകളും, ഒരു കിംഗ് ബെഡുള്ള 350 റൂമുകളുമാണ് ഇപ്പോള്‍ നമുക്ക് ലഭ്യമായിട്ടുള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ഫീസ് കൊടുക്കുന്ന 400 പേര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഈ മുറികള്‍ നല്‍കപ്പെടുന്നതാണ്. ഡിസംബര്‍ 31-ഓടുകൂടി ഏകദേശം 750 രജിസ്‌ട്രേഷന്‍ വരുമെന്നാണ് കെ.സി.സി.എന്‍.എ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. ഒമ്‌നി ഹോട്ടലിലെ ബാക്കിയുള്ള 300 റൂമുകളുടെ പുനര്‍നിര്‍മ്മാണം ജൂലൈയ്ക്ക് മുമ്പ് പൂര്‍ത്തിയാകുകയാണെങ്കില്‍ ആ 300 റൂമുകളും ആവശ്യമെങ്കില്‍ ഇപ്പോള്‍ നിശ്ചയിച്ച തുകയ്ക്കുതന്നെ കെ.സി.സി.എന്‍.എയ്ക്ക് ലഭ്യമാകും എന്ന് ഒമ്‌നിയുടെ വക്താക്കള്‍ കെ.സി.സി.എന്‍.എയുടെ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അതു മാത്രമല്ല ഒമ്‌നി ഹോട്ടലിലുള്ള റൂമുകളേക്കാള്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ വരികയാണെങ്കില്‍ ഇതേ നിരക്കില്‍ തന്നെ തൊട്ടടുത്തുള്ള വെസ്റ്റിന്‍ ഹോട്ടലില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും അതിനുവേണ്ട ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് കെ.സി.സി.എന്‍.എ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററും നടന്നുകണ്ട് എല്ലാ കാര്യങ്ങളും വിലയിരുത്താനും, പൊതുയോഗം സംഘടിപ്പിക്കാനും, വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് ഒരുക്കുവാനും ആതിഥേയരായ കെ.സി.എ.ജിയുടെ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, സെക്രട്ടറി മാത്യു പുല്ലാഴിയില്‍, ലൂക്കോസ് ചക്കാലപടവില്‍, ഷാജന്‍ പൂവത്തുംമൂട്ടില്‍, സന്തോഷ് ഉപ്പൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Share

Leave a Reply

Your email address will not be published. Required fields are marked *