Friday, June 22, 2018
Home > Article > ഇന്നിൽ ചേർത്ത് വായിക്കുമ്പോൾ

ഇന്നിൽ ചേർത്ത് വായിക്കുമ്പോൾ

മുഖ്യ ധാരാ മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന ചെറുകഥകൾ ശ്രദ്ധിച്ചാൽ സമൂഹത്തിനുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം കാണാം . ഏതു
സമൂഹത്തിന്റെയും മുഖചിത്രം തെളിഞ്ഞു കാണുന്നത് അക്കാലത്തുണ്ടാകുന്ന സാഹിത്യ സൃഷ്ടികളിൽ നിന്നാണെന്നു പറയാറുണ്ട് .അതുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു വിഷയം സർഗ്ഗവേദിയിൽ വിശകലനം ചെയ്യാം എന്ന് തീരുമാനിച്ചത് .

ഒട്ടും ദുർഗ്രാഹ്യത ഇല്ലാതെ ,വിഷയത്തിന്റെ ചുവടുകളിൽ നിന്ന് തെറിച്ചു പോകാതെ ,ബോധപൂർവമായ ഒരടക്കം പാലിച്ചുകൊണ്ട്‌ എഴുതുന്ന രീതി പുതിയ തലമുറ ആർജിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം .ഈ മാറ്റം പുതുസമൂഹത്തിന്റെ മാറ്റങ്ങളോട് ചേർന്ന് പോകുന്നു എന്ന് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

വിനോയ് തോമസിന്റെ ” രാമച്ചി ” ആയാലും ഫ്രാൻസിസ് നെറോനയുടെ ” തൊട്ടപ്പൻ ” ആയാലും – വായിക്കുമ്പോൾ അവരുണ്ടാക്കുന്ന ഭൂമികയുടെ ചട്ടവട്ടത്തിൽ നിന്ന് മറയാതെ കഥ ഒരടക്കം പാലിച്ചുകൊണ്ട്‌ മുന്നേറുന്നു .അമിത വർണ്ണനകൾ ഒഴിവാക്കി , പുഷ്പാങ്കിത ഭാഷയുടെ താളങ്ങളിൽ പെടാതെ മാറിനിന്നും കഥ പറയുന്നു.

ദൃശ്യ മാധ്യമങ്ങളുടെ കടന്നു കയറ്റം കൊണ്ട് , ” കവിത മരിച്ചു , ചെറുകഥ മരിച്ചു , ഉത്തരാധുനികത എന്ന അവസ്ഥ മാറി ” എന്നൊക്കെ പൊതുതലങ്ങൾ ഘോഷിക്കുമ്പോളും പുതിയ ചെറുപ്പക്കാരായ എഴുത്തുകാരുടെ കൈകളിൽ കഥകൾ ഭദ്രമായി നിൽക്കുന്ന അവസ്ഥ കാണാം എന്ന് കെ .കെ ജോൺസൻ തന്റെ പ്രബന്ധത്തിൽ പറഞ്ഞു .

പുതിയ എഴുത്തുകാർക്ക് , വായനയില്ല, അനുഭവങ്ങളില്ല ,ദാർശനികത പുറത്തു നിർത്തിയിരിക്കുകയാണ് എന്നും മറ്റുമുള്ള പരിഭവങ്ങൾക്കിടയിലും അവർ സ്വന്തം ഭാഷയും ശൈലിയും സൃഷ്ടിച്ചു മുന്നേറുന്നു .ഏച്ചിക്കാനത്തിന്റെ ” ബിരിയാണിയും ” എസ്. ഹരീഷിന്റെ ” മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ ” തുടങ്ങിയ കഥകൾ സംവേദിക്കുന്നത് അതാണ് .

ബാബു പാറക്കൽ പറഞ്ഞ ” ഒരു കറമ്പന്റെ കഥയും ” “വിത്തൽവാടി” എന്ന കഥയും കാലിക സാമൂഹ്യ തലങ്ങളിൽ ഒട്ടി നിൽക്കുന്നു. ബീഫു വാങ്ങാൻ പോയ ഹിന്ദു മുസ്ലിമാണെന്ന്‌ തെറ്റി ധരിച്ചു അക്രമിക്കപ്പെടുന്നതും , മറ്റുമുള്ള കാര്യങ്ങൾ സമയ ബദ്ധിതമായും കാല ബദ്ധിതമായും കുട്ടിവായിക്കാം .

വെള്ളക്കാരും ,സ്പാനിഷുകാരും ,കറുത്തവർഗക്കാരും മുപ്പതു കൊല്ലം മുമ്പ് എഴുതിയ അവസ്ഥയിലെ നമ്മൾ എത്തിയിട്ടുള്ളു എന്ന അഭിപ്രായമാണ് കെ. സി .ജയൻ പറഞ്ഞത് . അതിനായി അദ്ദേഹം ഷെർമാൻ അലക്സി എന്ന റെഡ് ഇന്ത്യൻ എഴുത്തുകാരൻ മുതൽ ഒരുപാട് ആംഗല കഥാകൃത്തുക്കളുടെ കൃതികൾ നിരത്തുകയുണ്ടായി .ഇത് റിയാലിറ്റി റൈറ്റിങ് നടമാടുന്ന കാലമാണ് . കഥ നല്ലതോ ചിത്തയോ എന്നതല്ല പ്രശ്നം .ആരുവായിക്കുന്നു അവന്റെ കണ്ണിലൂടെയാണ് കഥ തെളിയുന്നത് .

ഡോ. നന്ദകുമാർ ചെറുകഥ ഒരു ചെറു പ്രതലത്തിൽ ഒതുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഊന്നി പറഞ്ഞു. തോമസ് മാൻ തുടങ്ങിയ എഴുത്തുകാരുടെ കഥകൾ നോവലാണോ ,കഥയാണോ എന്ന സംശയം ഉളവാക്കും. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന “ഗുണാഢ്യനാണ് ” ആദ്യമായി കഥകൾ ക്രോഡീകരിച്ചത് .

കഥകൾ ലിപിബദ്ധവും ,ശ്രുതിബദ്ധവും ആയിരിക്കണം എന്ന് ഡോ .ഷീല പറഞ്ഞു . ക്രിസ്തുവിനു രണ്ടായിരം വര്ഷം മുമ്പാണ് ആദ്യ കഥ ഉണ്ടായതു എന്ന് പറയപ്പെടുന്നു .പണ്ടുകാലത്തെ മനുഷ്യർ ഗുണഗണങ്ങൾ ഉള്ളവരും , ഗുണഗണങ്ങൾ ആദരിക്കുന്നവരും ആയിരുന്നു അതുകൊണ്ടു അവരുടെ കഥകളും അതിൽ അധിഷ്ഠിതമായിരുന്നു . കഥയ്ക്ക് നിർവചനം ഇല്ലെങ്കിലും ,ഇങ്ങനെ പറയാം :- ” മൗലികമാവണം ,ഉള്ള് ഇളക്കണം , ഉള്ളിൽ തട്ടണം ” സാഹിത്യത്തിന്റെ ലക്ഷ്യം ഹൃദയത്തിന്റെ പവിത്രീകരണമാണ് . സഹിത ഭാവമാണ് സാഹിത്യം .

ജോസ് ചെരിപുറം, പി .ടി. പൗലോസ് ,രാജു തോമസ് , മാമൻ മാത്യു തുടങ്ങിയവർ സംസാരിച്ചു .

Share

Leave a Reply

Your email address will not be published. Required fields are marked *